Saturday, September 25, 2010

ഭൂതം,ഭാവി


ജ്യോതിഷിയുടെ അടഞ്ഞ കണ്ണുകളില്‍ എന്റെ ഭാവി വെളിച്ചപ്പെടുമെന്നു
അമ്മ വിശ്വസിക്കുന്നു.

ഞാനും വിശ്വസിച്ചേനേ ....
നടന്ന വഴിയിലെ ഏത് കല്ലില്‍ തട്ടി വീണപ്പോഴാണ് കൈയ്യില്‍ ഇറുകെ പിടിച്ച നിന്നെ എനിക്ക് നഷ്ടപ്പെട്ടതെന്ന് പറഞ്ഞു തന്നിരുന്നെങ്കില്‍...
ഒരിക്കലും കൈവിടരുതെന്നാഗ്രഹിച്ച സ്വപ്നത്തില്‍ നിന്ന് ഞാന്‍ ഉണര്‍ന്നു
പോയതെങ്ങനെ എന്നെങ്കിലും...

ഭാവിയിലേക്ക് എറിയാന്‍ എനിക്ക് ചോദ്യങ്ങളില്ല...
അറിയേണ്ടത് ഭൂതകാലത്തിന്റെ ഉത്തരങ്ങളാണ്...
ഈ വെളുത്ത കരുക്കളില്‍ ഒളിച്ചിരിക്കുന്ന ശുക്രനെയും ചന്ദ്രനേയും ഈ അടഞ്ഞ
കണ്ണുകളെയും ഞാന്‍ വെല്ലുവിളിക്കുകകയാണ്....

Saturday, August 21, 2010

ഡയറി

കൂടെയുണ്ടായിരുന്നു,
ചിരിക്കുമ്പോഴും പിന്നെ
ചിരിയും കരച്ചിലും മറന്നപ്പോഴും..
ആരിലുമെത്താതെ തളര്‍ന്ന
എന്നിലെ അക്ഷരങ്ങള്‍ക്ക്
നിന്റെ ഇരു വരികള്‍ക്കിടയില്‍
എന്നേക്കും സുഖ സമാധി...
മൌനം വെളിപ്പെടുത്തിയതൊക്കെയും
നിന്റെ ശൂന്യതയില്‍ നിറഞ്ഞു കവിഞ്ഞത്
നമുക്ക് മാത്രമറിയാവുന്ന രഹസ്യം...
എങ്കിലും എരിക്കാതെ വയ്യ!
ഒരിക്കല്‍ നീ എന്നെ
ഒറ്റുകൊടുത്താലോ ...??

Saturday, August 7, 2010

സ്മൈലി

ഉള്ളിലൊരു വെയില്‍ ഒളിപ്പിച്ചു
പെയ്യുന്ന ഈ മഴകള്‍
എന്നെ പൊള്ളിക്കുന്നുവെന്ന്
നീ ഒരിക്കലും അറിയരുത്.
കലങ്ങി മറിഞ്ഞ
അക്ഷരങ്ങളുടെ കടലില്‍
ചത്ത്‌ മരവിച്ചത്
എന്റെ ഹൃദയമായിരുന്നെന്നു
നീ തിരിച്ചറിയരുത്.
ചാറ്റ് വിന്‍ഡോയില്‍
ഞാന്‍ കയറ്റിവിടുന്ന
ചിരിക്കുന്ന മുഖങ്ങള്‍..
അവയെ മാത്രം വിശ്വസിച്ചേക്കുക..